Society Today
Breaking News

കൊച്ചി: ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് നിര്‍ധനരായ 100 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ പദ്ധതിയുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. ഹാര്‍ട്ട് ബീറ്റ്‌സ് എന്ന പേരില്‍ എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ പ്രഖ്യാപനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിച്ചു.  ഹൃദയാരോഗ്യത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും അത് വഴി ഈ പദ്ധതിയുടെ ഭാഗമാക്കാനും ലക്ഷ്യമിട്ട് ആവിഷ്‌കരിച്ചിട്ടുള്ള നൂതന പദ്ധതിയായ ഹാര്‍ട്ട് 2 ഹാര്‍ട്ടിന്റ പ്രഖ്യാപനവും നടന്നു.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന  കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കുന്ന കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ഹാര്‍ട്ട് ബീറ്റ്‌സ് പദ്ധതി ഏറെ പ്രശംസ അര്‍ഹിക്കുന്നതാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ജനങ്ങളെ സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഈ പദ്ധതിയില്‍ ഭാഗമാകാനും ഹാര്‍ട്ട് 2 ഹാര്‍ട്ട് ക്യാമ്പയിനിലൂടെ അവസരമൊരുക്കുന്നുണ്ട്.

വിപ്ലവകരമായ ഈ പദ്ധതികള്‍ വിഭാവനം ചെയ്ത ആസ്റ്റര്‍ മെഡ്‌സിറ്റിയെയും എറണാകുളം പ്രസ് ക്ലബിനെയും ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടപ്പാക്കുന്ന  പ്രത്യേക ഹൃദയ പരിശോധന പാക്കേജിന്റെ പ്രഖ്യാപനം ഉമാ തോമസ് എം.എല്‍.എ നിര്‍വഹിച്ചു.ഹൃദ്രോഗത്തെ തുടര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന  കുട്ടികള്‍ക്ക് പ്രത്യാശയേകുക എന്ന ലക്ഷ്യത്തോടെയാണ് ഹാര്‍ട്ട് ബീറ്റ്‌സ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതില്‍ അഞ്ച് ശസ്ത്രക്രിയകളുടെ ചിലവ് പൂര്‍ണമായും ഏറ്റെടുക്കുന്നത് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസാണ്.ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷനാണ് ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ആളുകളെ ഹൃദയാരോഗ്യത്തിനായി വ്യായാമവും ശാരീരിക പ്രവര്‍ത്തനങ്ങളും പതിവാക്കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹാര്‍ട്ട് 2 ഹാര്‍ട്ട് ക്യാമ്പയിന്‍ ആവിഷ്‌കരിക്കുന്നത്. ആസ്റ്റര്‍ വോളണ്ടിയര്‍മാരുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.

ഈ ക്യാമ്പയിനിലൂടെ വ്യായാമങ്ങളും ശാരീരിക പ്രവര്‍ത്തനങ്ങളും ചെയ്യുന്നതിലൂടെ കുട്ടികളുടെ  ഹൃദയ ശസ്ത്രക്രിയയില്‍ പങ്കാളികളാകാനുള്ള അവസരമാണ് ലഭിക്കുന്നത്. 10,000 ചുവടുകള്‍, 10 കിലോമീറ്റര്‍ സൈക്കിള്‍ സവാരി, ഒരു മണിക്കൂര്‍ വ്യായാമം എന്നിവയെല്ലാം പൂര്‍ത്തിയാക്കുന്നവ ഓരോരത്തര്‍ക്ക് വേണ്ടിയും ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന് 100 രൂപ വീതം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സംഭാവന ചെയ്യും.സന്നദ്ധപ്രവര്‍ത്തകരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് astervolunteers.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ക്യാമ്പയിന്റെ ഭാഗമാകാം.

സ്മാര്‍ട്ട് ഫോണോ സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകളോ ഉപയോഗിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങളും വ്യായാമവും ട്രാക്ക് ചെയ്ത് അതിന്റെ സ്‌ക്രീന്‍ ഷോട്ട്  ശോലേൃമരസ.മേെലൃ്ീഹൗിലേലൃ.െരീാ എന്ന ലിങ്ക് വഴി പങ്ക് വെക്കണം. ഒക്ടോബര്‍ 29 വരെ ക്യാമ്പയിന്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ പ്രസ് ക്ലബ്ബിലെ നവീകരിച്ച ബിസിനസ് ലോഞ്ചിന്റെയും സ്ത്രീ സൗഹൃദ പിങ്ക് റൂമിന്റെയും  ഉദ്ഘാടന കര്‍മവും നടന്നു.ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസീന്‍, ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഡോ. സി. രാജീവ്, മീഡിയ റിലേഷന്‍ മാനേജര്‍  ടി.എസ് ശരത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


 

Top